ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടാം; ദിനചര്യകളിലെ ഈ മാറ്റങ്ങൾ നിങ്ങളെ സന്തോഷവാനാക്കും

ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പലപ്പോഴും പലകാരണങ്ങളാലും നമുക്ക് ഉള്ള് തുറന്ന് സന്തോഷിക്കാനാകാതെ വരാം. നമ്മുടെ മാനസിക സന്തോഷത്തിന് നമ്മുടെ തന്നെ പല ശീലങ്ങളും ജീവിത രീതികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദുശ്ശീലങ്ങള്‍ കാരണം പലപ്പോഴും നമ്മുടെ സന്തോഷം നമ്മില്‍ നിന്നും അകന്നു പോകുന്നു. അതിനാല്‍ നമ്മുടെ ശീലങ്ങളിലും ദിനചര്യകളിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ എപ്പോഴും സന്തോഷവാനായിരിക്കാന്‍ ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം 

  • ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തുക

നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സമീകൃതാഹാരത്തിലൂടെ നമുക്ക് ധാരാളം പോഷകങ്ങള്‍ ലഭിക്കുന്നു. ഇത് നമ്മുടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കും. ഭക്ഷണത്തില്‍ പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുക വഴി മെച്ചപ്പെട്ട ഒരു ആരോഗ്യം നമ്മുക്ക് വീണ്ടെടുക്കാനാവും. 

  • ദിവസവും വ്യായാമം ചെയ്യുക

എപ്പോഴും സന്തോഷത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തണം. ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല, സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് നമുക്ക് ആത്മസംതൃപ്തി നല്‍കുകയും സന്തോഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

  • സ്വയം സമയം നല്‍കുക

സന്തോഷവാനായിരിക്കാന്‍, നിങ്ങള്‍ സ്വയം കുറച്ച് സമയം നല്‍കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുമ്പോള്‍, നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശരിയായി വിലയിരുത്താനും സ്വയം മികച്ച തീരുമാനങ്ങള്‍ എടുക്കാനും കഴിയും. അതിലൂടെ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. 

 
* പോസിറ്റീവ് ചിന്താഗതി നിലനിര്‍ത്തുക

നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റി നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ എപ്പോഴും സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എപ്പോഴും പോസിറ്റീവ് ചിന്തകള്‍ നിലനിര്‍ത്തുക. പോസിറ്റീവ് ചിന്തകള്‍ ഏത് സാഹചര്യത്തിലും നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ പ്രാപ്തരാക്കും.

  • മതിയായ ഉറക്കം 

ആരോഗ്യമുളള ശരീരത്തിന് മതിയായ ഉറക്കം വളരെ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദം കുറവായിരിയ്ക്കും. നല്ല ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തോടൊപ്പം വൈകാരികമായി ശക്തിപ്പെടാനും സഹായിക്കുന്നു. ദിവസവും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം.

Be the first to comment

Leave a Reply

Your email address will not be published.


*