
തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.
വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു. എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
എറണാകുളം മറ്റൂര്‍-നെടുമ്പാശ്ശേരി വിമാനത്താവള റോഡില്‍ നിന്ന മരം ശക്തമായ കാറ്റില്‍ വാഹനത്തിന് മുകളിലേക്ക് വീണു. വിമാനത്താവളത്തിലേക്ക് പോയ കാറിന് മുകളിലേക്ക് മരം വീണത്. കാറിന്റെ പിന്‍വശത്താണ് മരം വീണതെന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ഥലത്ത് ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു.
Be the first to comment