മദ്യനയം അംഗീകരിച്ചു: ബാർ ലൈസൻസ് ഫീസിൽ വർധന

തിരുവനന്തപുരം: ഈ വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. 5 ല‍ക്ഷം രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ‌പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി. 

ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം. 

‘കേരളാ ടോഡി’ എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് അതിന്റെ ചുറ്റുപാടിനുള്ളിലെ തെങ്ങ് ചെത്തി കള്ള് വില്‍ക്കാമെന്നും നിര്‍ദേശിച്ചു.

വിദേശ മദ്യം, ബിയര്‍ എന്നിവ പരമാവധി സംസ്ഥാനത്തിനകത്ത് ഉല്‍പ്പാദിപ്പിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ഇതിനായി നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. പഴ വര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും. വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന റെസ്റ്റോറന്റ് കള്‍ക്ക് സീസണില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നു. കേരളത്തില്‍ ആകെയുള്ള 559 വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ നിലവില്‍ 309 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. വ്യവസായ പാര്‍ക്കുകളില്‍ വിദേശ മദ്യം ലഭ്യമാക്കാന്‍ അനുമതിയായി.

Be the first to comment

Leave a Reply

Your email address will not be published.


*