വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ: കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു

വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.

പൊതുവിപണിയിൽ നിന്നും ഈ സാമ്പത്തിക വർഷം സർക്കാരിന് കടം എടുക്കാനുളള വായ്പ പരിധി പകുതിയായാണ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നത്. ഇത്തരത്തിലൊരു വെട്ടിക്കുറയ്ക്കൽ ചരിത്രത്തിലാദ്യമായാണ് എന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. കിഫ്ബി പൊതുമേഖലാ സ്ഥാപനങ്ങൾ എടുത്ത വായ്പ അടക്കം കേരളത്തിന്റെ മൊത്തം വായ്പ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെയാണ് സംസ്ഥാന സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ എന്താണ് കാരണമെന്ന് വെളിപ്പെടുത്താൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. എന്തിനാണ് ഇത്തരത്തിലൊരു കടുംവെട്ട് നടത്തിയതെന്ന് വ്യക്തത വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിൽ വ്യക്തത വന്നതിന് ശേഷമായിരിക്കും സംസ്ഥാന സർക്കാർ നിയമ നടപടിയുമായി മുന്നോട്ട് പോവുക.

കഴിഞ്ഞവർഷം, വെട്ടിക്കുറച്ചതിനു പുറമെയാണ് വീണ്ടും കേന്ദ്രം കടുവെട്ട് നടത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ, സംസ്ഥാനത്തിന്‌ കടമെടുക്കാവുന്ന പരിധിയിൽ നിന്ന്‌ 54 ശതമാനമാണ്‌ ഇത്തവണ വെട്ടിക്കുറച്ചത്‌. വ്യവസ്ഥപ്രകാരം 33,420 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന്‌ അവകാശമുണ്ട്‌. എന്നാൽ, ഇതിൽ 15,390 കോടി രൂപ എടുത്താൽ മതിയെന്ന്‌ വ്യക്തമാക്കിയാണ് കേന്ദ്രം വെള്ളിയാഴ്‌ച ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം 32,437 കോടി രൂപയുടെ അർഹതയുണ്ടായിട്ടും 23,000 കോടിയാണ്‌ സംസ്ഥാനത്തിന് അനുവദിച്ചത്‌. ഇത്‌ വർധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കടുംവെട്ട് നടത്തി കേന്ദ്രം വീണ്ടും ഉത്തരവ് ഇറക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*