ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, രാത്രിയിലും സമ്മേളനം തുടരും

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് നടക്കാനിരുന്ന ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുക. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ 10.30 ഓടെ  കൊച്ചി വിമാനത്തിവളത്തിലെത്തുമ്പോൾ അന്ത്യാജ്ഞലി അർപ്പിക്കേണ്ടതുള്ളതിനാലാണ് ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റിയത്.

കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുക്കും. കേരള മൈഗ്രേഷൻ സർവെ റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രിക്കു കൈമാറും. ലോക കേരള സഭയിൽ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. പുതുക്കിയ സമയക്രമം അനുസരിച്ച് രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*