ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകൾ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രിക സമര്‍പ്പിക്കപ്പെട്ടത്, 22 എണ്ണം. 20 പത്രികകള്‍ ലഭിച്ച പൊന്നാനിയാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് ആലത്തൂരാണ്. ആകെ എട്ട് പത്രികകൾ മാത്രമേ ഇവിടെ നൽകിയിട്ടുള്ളൂ.

തിരുവനന്തപുരം-22, ആറ്റിങ്ങൽ-14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര-14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ- 15, ആലത്തൂർ- 8, പാലക്കാട്-16, പൊന്നാനി- 20, മലപ്പുറം- 14, കോഴിക്കോട്- 15, വയനാട്- 12, വടകര- 14, കണ്ണൂർ- 18, കാസർകോട്- 13 എന്നിങ്ങനെയാണ് പത്രിക സമർപ്പിക്കപ്പെട്ടത്.

വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം. അതുകഴിയുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയാറാകും.

രാജ്യത്ത് ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏപ്രിൽ 26നാണു പോളിങ്. ജൂൺ നാലിണു വോട്ടെണ്ണൽ. രാജ്യത്താകെ  96.6 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് ആകെയുള്ളത്. ഇതിൽ 1.8 കോടി പുതിയ വോട്ടർമാരുമാണ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി (33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*