സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂർത്തിയായി; വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂർത്തിയായി. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്.

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും.

വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*