ന്യൂഡൽഹി: രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതിയതായി ചുമതലയേറ്റ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 97 കോടി വോട്ടര്‍മാര്‍, കന്നി വോട്ടര്‍മാര്‍ 1.82 കോടി, 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍, 49.7 കോടി പുരുഷ വോട്ടര്‍മാര്‍, യുവ വോട്ടര്‍മാര്‍ 19.74 കോടി, 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍.
ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും, അഞ്ച് ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ നിന്നു വോട്ട് ചെയ്യാനുള്ള ‘വോട്ട് ഫ്രം ഹോം’ സൗകര്യം ഏര്‍പ്പെടുത്തും. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാം. 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ വോട്ടിങ്ങിനായി തയ്യാറാക്കി. എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
Be the first to comment