ലോക്സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബുത്തുകളിലേക്ക്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ പോളിംഗിന് കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിൻ്റെ തിരക്കിലായിരുന്നു സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാരാണുള്ളത്. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ത്ഥികളുമുണ്ട്. വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ വോട്ട് ചെയ്യുന്ന രീതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. വോട്ട് ചെയ്ത ശേഷം വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വോട്ടെടുപ്പ് രീതി

  1. സമ്മതിദായകന്‍ പോളിംഗ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു.
  2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു.
  3. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
  4. പോളിംഗ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
  5. വോട്ടര്‍ വോട്ടിംഗ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിംഗ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിൽ ലിപിയിലുള്ള വോട്ടിംഗ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*