ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിനായുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചാരണം ഇന്ന് അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ ഇന്നും സംസാരിക്കും. അരവിന്ദ് കെജ്‌രിവാളിനെ ഉൾപ്പെടുത്തി ആം ആദ്മി താരപ്രചാരകരുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ബൂത്തിൽ എത്തുന്നത്. 102 ലോക്‌സഭാ മണ്ഡലങ്ങൾ, 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലും വെള്ളിയാഴ്ച ആണ് വോട്ടെടുപ്പ്. തമിഴ്നാട് അടക്കം ഏഴു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും അന്ന് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് പൂർത്തിയാകും.

അതേസമയം തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാൾ,മനീഷ് സിസോദിയ, സുരേന്ദ്ര ജയിൻ എന്നിവരെ ഉൾപ്പെടുത്തി 40 താരപ്രചാരകരുടെ പട്ടിക ആം ആദ്മി പുറത്തിറക്കി . രണ്ടാമത്തെ പേരായി മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്‌രിവാളിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അരുണാചൽപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമ സഭ‌കളിലേക്കും 19 തീയതിയാണ് വോട്ടെടുപ്പ് നടക്കുക. ജാർഖണ്ഡിലെ 3 ലോക്‌സഭാ സ്ഥാനാർത്ഥികളെ കൂടി ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം ഇതോടെ 281 ആയി.

Be the first to comment

Leave a Reply

Your email address will not be published.


*