ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ് നടന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടത്തിയത്. ഉത്തർപ്രദേശിൽ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. കർണാടകയിൽ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കർണാടകയിലും, മുംബൈ കർണാടകയിലെ മേഖലകളിലും പോളിംഗ് ശതമാനം ഉയർന്നു. വൈകിട്ട് അഞ്ചു മണി വരെ കര്‍ണാടകയില്‍ 66.05 ശതമാനമാണ് പോളിംഗ്. കൊടുംവെയിലിൽ വോട്ടർമാർ എത്താതായതോടെ ആകെ പോളിംഗ് അമ്പത് ശതമാനം കടക്കാൻ മൂന്ന് മണി കഴിയേണ്ടി വന്നു.
മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായി എന്നാണ് വിലയിരുത്തൽ. രത്ന ഗിരി – സിന്ധ് ദുർഗിൽ മത്സരിച്ച നാരായൺ റാണെയും ബാരമതിയിൽ സുപ്രിയ സുലെയും മായിരുന്നു പ്രധാന സ്ഥാനാർഥികൾ. ഗുജറാത്തിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി രണ്ടു മണ്ഡലങ്ങൾ മാത്രമുള്ള ഗോവയിൽ എന്നാൽ നല്ല പോളിംഗ് നടന്നു. ഇനി 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിൽ ബാക്കിയുള്ളത്.
Be the first to comment