ലോകം മുഴുവൻ കേരളീയമെത്തിക്കാൻ ലോക കേരളസഭ

കേരളത്തിന്റെ നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാനസർക്കാർ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളും. കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഒമാൻ മുതൽ അസർബൈജാൻ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കേരളത്തെ വിദേശരാജ്യങ്ങൾക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കുന്ന കേരളീയം എന്ന ആശയം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അംഗങ്ങൾ കേരളീയം വിജയിപ്പിക്കാൻ അതത് രാജ്യങ്ങളിൽ പ്രചാരണം നൽകുമെന്നും ഉറപ്പ് നൽകി. കേരളീയം പരിപാടിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച അംഗങ്ങൾ സെമിനാറുകൾക്കടക്കം ഒട്ടേറെ വിഷയങ്ങളിൽ നവീനമായ ആശയങ്ങൾ പങ്കുവെച്ചു. കേരളീയത്തിൽ നേരിട്ട് പങ്കെടുക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് ഡോ.കെ.വാസുകി പറഞ്ഞു. പരിപാടികളുടെ വിശദാംശങ്ങൾ അംഗങ്ങളെ ഇ-മെയിൽ വഴി അറിയിക്കാമെന്നും കേരളീയം സെമിനാറുകൾ ലൈവായി കാണാൻ അവസരം ഒരുക്കാമെന്നും സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ വ്യക്തമാക്കി. 164 രാജ്യങ്ങളിൽ അംഗങ്ങളുള്ള വേൾഡ് മലയാളി ഫെഡറേഷൻ, പരിപാടിക്ക് വ്യാപകമായ പ്രചാരണം നൽകാമെന്ന് അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആഘോഷത്തിനുള്ള അവസരമാണ് കേരളീയമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*