സർക്കാരിന് ആശ്വാസം; ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പോലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലോകായുക്ത ഫുൾ ബെഞ്ച് വിധി പറഞ്ഞത്.

2018 സെപ്റ്റംബർ ഏഴിനാണു തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്.ശശികുമാർ ഹർജി ഫയൽ ചെയ്തത്. രണ്ടംഗ ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നു ഹർജിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിടുകയായിരുന്നു. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനും ഭിന്നാഭിപ്രായം.

ഹർജി വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഫയൽ ചെയ്ത ഇടക്കാല ഹർജിയും ഇന്നു തള്ളി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*