
മുൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയ യുഡിഎഫിന് ഇക്കുറി സീറ്റ് തർക്കം കീറാമുട്ടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് മുസ്ലിം ലീഗും രംഗത്തെത്തിയപ്പോൾ, ഇത്തവണ പരിഗണിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് കോൺഗ്രസിന്റെ തൊഴിലാളി സംഘടനായായ ഐഎൻടിയുസി.
ഘടക കക്ഷികളിലും കോൺഗ്രസിലുമടക്കം തർക്കം മുറുകിയതോടെ നാളെ യുഡിഎഫ് ഏകോപന സമിതിയുടെ യോഗം തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 11.30ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ഉഭയകക്ഷി ചർച്ചാ തീരുമാനങ്ങൾ അറിയിക്കും. നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.
കഴിഞ്ഞ തവണ ലഭിക്കാതെ പോയ ആലപ്പുഴ സീറ്റിൽ എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് നടൻ സിദ്ധിഖിനെ ഇറക്കാൻ ആലോചനയുണ്ട്. പത്തനംതിട്ടയിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് ആന്റോ ആന്റണിയെ അനുകൂലിക്കുന്നവർ കോട്ടയം സീറ്റിലേക്കും കണ്ണു വയ്ക്കുന്നു. പത്തനംതിട്ട കേരള കോൺഗ്രസിന് നൽകി വച്ചുമാറാനാണ് ശ്രമം. എന്നാൽ, കോട്ടയത്തു മത്സരിക്കാൻ തയാറായി നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല.
Be the first to comment