ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിനൊരുങ്ങി ലണ്ടന്‍

ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങുകള്‍ക്കായി കാത്തിരിക്കുകയാണ് ഒരു രാജ്യവും നഗരവും. എലിസബത്ത് രാജ്ഞിക്ക് ശേഷം പുതിയ രാജാവിനെ വാഴിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങി കഴിഞ്ഞു. 70 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലണ്ടന്‍ ഒരു കിരീടധാരണ ചടങ്ങിനായി ഒരുങ്ങുന്നത്. ഇന്നു രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ ചാള്‍സ് മൂന്നാമന്റേയും കാമില രാജ്ഞിയുടേയും ‘രാജാഭിഷേകം’ നടക്കും. ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.

ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നുള്ള ഘോഷയാത്ര ലണ്ടന്‍ സമയം ഇന്ന് രാവിലെ 120.20 ന് ആരംഭിക്കും. കൊട്ടാരത്തില്‍ നിന്നും വെസ്റ്റ് മിനിസ്റ്റര്‍ ആബേയിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ചാരനിറത്തിലുള്ള ആറ് വിന്‍ഡ്‌സര്‍ കുതിരകള്‍ വലിക്കുന്ന ‘ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്’ എന്ന സ്വര്‍ണത്തേരിലായിരിക്കും.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ്പ് റൈറ്റ് റവരന്റ് ഗുലി ഫ്രാന്‍സിസ് ദഹ്ക്വാമി സഹ കാര്‍മ്മികത്വം വഹിക്കും. പ്രധാന മന്ത്രി ഋഷി സുനക്കിനാണ് ബൈബിള്‍ വായിക്കാനുള്ള അവസരം. ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ അണിയിക്കുന്നതും രാജസിംഹാസനത്തില്‍ അവരോധിക്കുന്നതുമാണ് പ്രധാന ചടങ്ങുകള്‍.

എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300 ല്‍ നിര്‍മ്മിച്ച സിംഹാസനമാണ് ഉപയോഗിക്കുക. ഓക്ക് തടിയില്‍ തീര്‍ത്ത 700 വര്‍ഷം പഴക്കമുള്ള സിംഹാസനത്തിന്റെ നവീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് രാജവംശത്തില്‍ നിന്നും എഡ്വേഡ് ഒന്നാമന്‍ സ്വന്തമാക്കിയ ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്ന കല്ലുപതിച്ചതാണ് ഈ സിംഹാസനം. സിംഹാസനത്തില്‍ ചാള്‍സ് ഉപവിഷ്ടനാകുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. കുരിശും രത്‌നങ്ങളും പതിപ്പിച്ച അംശവടിയും വജ്രമോതിരവും ആര്‍ച്ച ബിഷപ്പ് ചടങ്ങില്‍ വച്ച് രാജാവിന് കൈമാറും. തുടര്‍ന്ന് രാജകിരീടം തലയിലണിയുന്നതോടെ ബ്രിട്ടന്റെ പരമാധികാരിയായി ചാള്‍സ് മൂന്നാവന്‍ വാഴ്ത്തപ്പെടും.

ചടങ്ങുകള്‍ക്ക് ശേഷം ചാള്‍സും കാമിലയും ഘോഷയാത്രയുടെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് മടങ്ങും. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള ഏഴായിരത്തോളം സൈനിക ട്രൂപ്പുകളാണ് പരേഡില്‍ പങ്കെടുക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*