ബാംഗ്ലൂർ: ലൈംഗിക വീഡിയോ വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം അറിയിച്ചത്. കേസില്‍ പ്രത്യേക അന്വേഷണം സംഘം അയച്ച സമന്‍സ് മടങ്ങിയ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ലോകത്തെ എല്ലാ എമിഗ്രേഷന്‍ പോയിന്റുകളിലേക്കും ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പരമേശ്വര പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രജ്വലിൻ്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വല്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഹാജരാകാന്‍ ഏഴു ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 24 മണിക്കൂര്‍ സാവകാശം പോലും അനുവദിക്കാനാവുന്നതല്ല. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മറ്റൊരു സ്ത്രീ കൂടി പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പരമേശ്വര വെളിപ്പെടുത്തി.
Be the first to comment