ഏറ്റവും കൂടുതൽ ഇലക്റ്ററൽ ബോണ്ട് വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ഇലക്റ്ററൽ ബോണ്ട് വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനാണ്. ഫ്യൂച്ചർ ഗെയിമിങ്ങ്, ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെയാണ് മാർട്ടിൻ 1368 കോടിയുടെ ബോണ്ട് വാങ്ങിക്കൂട്ടിയത്.

സാന്‍റിയാഗോ മാര്‍ട്ടിൻ മലയാളികള്‍ക്ക് സുപരിചിതനാണ്. ഒരുകാലത്ത് കേരളത്തിലെ ലോട്ടറി മേഖലയെ അടക്കിവാണിട്ടുണ്ട് മാര്‍ട്ടിന്‍. അന്നൊക്കെ കേരളത്തിലെ പത്രങ്ങളുടെ തലക്കെട്ടായിരുന്നു പലപ്പോഴും മാര്‍ട്ടിന്‍ തമിഴ് നാട്ടിൽ നിന്ന്  കേരളത്തിലേക്കും പിന്നീട് കര്‍ണാടകത്തിലേക്കും വ്യാപിച്ച് ഇന്ന് ഇന്ത്യയിലെ ലോട്ടറി മേഖലയെ അടക്കിവാഴുന്ന അക്ഷരാര്‍ത്ഥത്തില്‍ രാജാവ് തന്നെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍. 2021-22 വര്‍ഷത്തെ മാര്‍ട്ടിൻ്റെ കമ്പനിയുടെ മൊത്തവരുമാനം 20,000 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ പശ്ചിമബംഗാളില്‍ മാത്രം 6,000 കോടി രൂപ മാര്‍ട്ടിൻ നികുതി അടച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ലോട്ടറി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ സിബിഐ, ഇഡി അന്വേഷണവും മാർട്ടിൻ നേരിടുന്നുണ്ട്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തുക പെരുപ്പിച്ച് കാണിച്ച് സാന്‍റിയാഗോയുടെ കമ്പനി സിക്കിം സർക്കാരിന് 910 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*