കനത്ത മഴയിലും,കിഴക്കൻ വെള്ളത്തിന്റെ വരവോടും കൂടി ; ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ആർപ്പൂക്കര : കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നൂറുകണക്കിനു വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇടറോഡുകൾ വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. മീനച്ചിലാറിന്റെ ഭാഗമായ തോടുകൾകരകവിഞ്ഞതാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്. വെള്ളക്കെട്ടിനു ശമനമുണ്ടാക്കാൻ കോനകരി തോട്ടിൽ പായലുംപോളയും മാലിന്യവും നീക്കം ചെയ്യാനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

തോടുകളും കിണറുകളും നിറഞ്ഞു കവിഞ്ഞു. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെ ന്ന ആശങ്കയിലാണ് നാട്ടുകാർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒരു ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കിയതായി ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അറിയിച്ചു. ഇന്നലെ കരിപ്പൂത്തട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാപ് തുറന്നു. 

മൂഴിമുഖം– ചിറേപ്പള്ളി, കരുപ്പ ഭാഗം, റാണി റൈസ് –കാട്ടാഴ റോഡ്, പറയഞ്ചാലി നാലുതോട് റോഡ്, കണിച്ചേരി– മണിയാപറമ്പ് റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയ നിലയിലാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ പ്രദേശത്തെ നൂറുകണക്കിനു വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. പഞ്ചായത്ത് പരിധിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പടിഞ്ഞാറൻ മേഖലകളിൽ  ആർപ്പൂക്കര പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*