ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ തെലുഗു റിലീസ് ‘ലക്കി ഭാസ്‌കര്‍’ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ആഗോള റിലീസായി ഒക്ടോബർ 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരാഴ്‌ച്ച പിന്നിടുമ്പോൾ ആഗോള തലത്തിൽ 70 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുകയാണ്.
‘ലക്കി ഭാസ്‌കര്‍’ കേരളത്തിലും വിജയക്കൊടി പാറിക്കുകയാണ്. റിലീസിനെത്തി ആദ്യ ആറ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം കേരളത്തിൽ നിന്നും 10 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷന്‍ നേടി. ഇപ്പോഴിതാ രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍ ചിത്രം കേരളത്തിലെ 200ൽ പരം സ്‌ക്രീനുകളില്‍ പ്രദർശിപ്പിക്കുകയാണ്.
പ്രദര്‍ശന ദിനം കേരളത്തിലെ 175 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. രണ്ടാം ദിനം തന്നെ 200ലധികം സ്‌ക്രീനുകളിലേയ്‌ക്ക് ചിത്രം വ്യാപിച്ചിരുന്നു. നാലാം ദിനമായപ്പോൾ 200ല്‍ നിന്നും 240 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.
കേരളത്തില്‍ പുതിയ റിലീസുകൾ ഉണ്ടായിട്ടും ‘ലക്കി ഭാസ്‌കര്‍’ 200ല്‍ കൂടുതൽ സ്‌ക്രീനുകളിൽ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തിയിരുന്നു. 1992ൽ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്‌കർ എന്ന സാധാരണ ബാങ്ക് ക്ലർക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
കുടുംബ പ്രേക്ഷകര്‍, യുവാക്കള്‍ ഉള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കിൽ ദുൽഖർ സൽമാന് ഹാട്രിക്ക് ബ്ലോക്ക്ബസ്‌റ്ററാണ് ‘ലക്കി ഭാസ്‌കര്‍’ സമ്മാനിച്ചിരിക്കുന്നത്.
തെലുങ്കിലെ പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ഒരു ബന്ധമാണ് തോന്നുന്നതെന്ന് ലക്കി ഭാസ്‌കര്‍’ വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചിരുന്നു. ‘ലക്കി ഭാസ്‌കറി’ന് ശേഷം പവൻ സാദിനേനി ഒരുക്കുന്ന ‘ആകാസംലോ ഓക താര’ എന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക.
ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിച്ചത്. വെങ്കി അറ്റ്ലൂരിയാണ് സിനിമയുടെ രചനയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്‌റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
Be the first to comment