തിരുവനന്തപുരം ലുലു മാളിൽ ഇനി പരിസ്ഥിതി സൗഹൃദ ബെഞ്ച്

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തില്‍ മറ്റൊരു പരിസ്ഥിതി സൗഹൃദ മാതൃകയൊരുക്കി ലുലു മാള്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ ബെഞ്ച് മാളില്‍ സ്ഥാപിച്ചാണ് ഈ മാതൃക. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ കരിക്കകം കോര്‍പ്പറേഷന്‍ വാര്‍ഡിലെ പന്ത്രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്ന് “ഹാപ്പിനസ് ബെഞ്ച്” ഉദ്ഘാടനം ചെയ്തു. മാളിലെത്തുന്ന ഉപഭോക്താക്കള്‍ക്കടക്കം ഇരിപ്പിടമായി പരിസ്ഥിതി സൗഹൃദ ബെഞ്ച് ഉപയോഗിക്കാനാകും.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ച് പരിസ്ഥിതിയെ പുനര്‍നിര്‍മ്മിയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഇവ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ്. ഈ സന്ദേശം മുന്‍നിര്‍ത്തിയാണ് പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് മനോഹരമായി രൂപകല്‍പന ചെയ്ത ബെഞ്ച് നിര്‍മ്മിച്ചത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഡി.ജി കുമാരന്‍, പി.കെ ഗോപകുമാര്‍, അജിത് കുമാര്‍, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമ്മി ബി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുജിത് റോയ് എസ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം മുന്‍നിര്‍ത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വഴിയില്‍ വലിച്ചെറിയാതെ മാളില്‍ നിക്ഷേപിയ്ക്കാന്‍ പ്രത്യേക കൗണ്ടറും തുറന്നിരുന്നു. കൗണ്ടറില്‍ കുപ്പികള്‍ നിക്ഷേപിച്ചവര്‍ക്ക് മാള്‍ അധികൃതര്‍ പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകള്‍ സമ്മാനിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി മാളിലെത്തിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കി സൗജന്യ പാര്‍ക്കിംഗും ഒരുക്കിയിരുന്നു. ഒപ്പം ലുലു മാള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*