കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം’; കൊച്ചി വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്, ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന്

കൊച്ചി: യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാന്‍ പുതിയ പദ്ധതിയുമായി സിയാല്‍. അടുത്ത മാസം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചാണിത്.

2022-ല്‍ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവര്‍ത്തനങ്ങളാണ് സിയാല്‍ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെര്‍മിനലിലാണ് 0484 എയ്റോ ലോഞ്ച് പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ഫുഡ് കോര്‍ട്ടുകളുടെയും ലോഞ്ചുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

‘കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം’ എന്ന ആശയത്തിലൂന്നി നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാര്‍ക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയകള്‍ക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഈ സൗകര്യം ഉപയോഗിക്കാം.

എറണാകുളം ജില്ലയുടെ എസ്ടിഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് പേരിട്ടത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

‘യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, നിലവില്‍ നടപ്പിലാക്കിവരുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ലോഞ്ചുകളുടെയും ഫുഡ് കോര്‍ട്ടുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രോജക്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്‌റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവില്‍ ലോഞ്ചിന്റെ മുന്തിയ അനുഭവം യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുകയാണ് സിയാല്‍’, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*