‘നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും, കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ്’: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്.

2024ൽ മാത്രം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്കരണ നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിച്ചത്. ചട്ടങ്ങളിലും നടപടിക്രമത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുമുൾപ്പെടെ കൊണ്ടുവന്ന ഈ പരിഷ്കരണങ്ങൾ വ്യവസായ സമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഈ ഇടപെടൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ പ്രധാന മാനദണ്ഡങ്ങളിലൊന്നായ മുൻസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും സേവനപ്രദാനത്തിന്റെ ഗുണമേന്മയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് (Top Achiever) തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. സുതാര്യത വർധിപ്പിക്കുന്നതിന് ജനങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഡാഷ്ബോർഡ്, സിറ്റിസൺ പോർട്ടലുകളുമടക്കം പരിഷ്കരിച്ചു.

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാൻ കെ സ്മാർട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സ്മാർട്ടിന്റെ ആദ്യഘട്ടം മുതൽക്കു തന്നെ വ്യവസായസൗഹൃദ നിർദ്ദേശങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് സോഫ്ട്‍വെയർ വികസിപ്പിച്ചത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൌഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾക്കും, വ്യാപാരങ്ങൾക്കും, സംരംഭക പ്രവർത്തനങ്ങൾക്കും, മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുകയാണ്. കൂടുതൽ സംരഭക സൗഹൃദമാക്കുന്നതിന് കൂടി ഉദ്ദേശിച്ചുകൊണ്ട് പ്രസ്തുത ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കാനുള്ള കരട് ചട്ടങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

• നിലവില്‍ പുതിയ കാലത്തെ പലസംരംഭങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. മുന്‍ തലമുറ ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയാണ് നിലവിൽ ചട്ടങ്ങളിലുള്ളത് എന്നതിനാലാണിത്. ഇത് മാറ്റും. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും.

• ഇതിനായി ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും.
• നിലവില്‍ വീടുകളിൽ പ്രവർത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാനാണ് അനുവാദമുള്ളത്. ഇത് പ്രസ്തുത സംരംഭങ്ങൾക്ക് ബാങ്ക് ലോൺ, ജിഎസ്ടി രജിസ്ട്രേഷൻ കിട്ടാനുൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാൻ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം (Occupancy Group) നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും.
• ആളുകള്‍ താമസിക്കുന്ന വീടുകളിലും 50% വരെ ഭാഗം ഇത്തരം സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.

• വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസൻസിന് പകരം രജിസ്ട്രേഷന്‍ മാത്രം മതിയാകും
• വ്യവസായ മേഖലയിലല്ലാത്ത കാറ്റഗറി 1 സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി തേടണം. എന്നാല്‍ ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് അകാരണമായി നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം.
• ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം.
• സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി ലൈസൻസ് റിന്യൂവൽ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.
• ലൈസൻസ്/അനുമതി അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസന്‍സ് സംവിധാനം പ്രായോഗികമായും സൌകര്യപ്രദമായും ഏര്‍പ്പെടുത്തും.

• ലൈസന്‍സ് ഫീസ് പൂര്‍ണ്ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും
• സ്ഥാപനങ്ങൾക്കെതിരെ വരുന്ന പരാതികളിൽ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീർപ്പു കൽപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തും.
• പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ.
• നൽകുന്ന ലൈസൻസിൽ ലൈസെൻസിയുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി ഉൾപ്പെടുത്തും.

മുനിസിപ്പാലിറ്റി ലൈസൻസ് ചട്ടങ്ങളിൽ 2017-ൽ മാറ്റങ്ങൾ വരുത്തി വ്യവസായസൗഹൃദമാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴുള്ള പുതിയ ആവശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തിൽ നിർദേശിക്കപ്പെട്ട എല്ലാ പരിഷ്കരണങ്ങളും വൈകാതെ നഗരസഭകളിലും ലഭ്യമാക്കും.

ഈ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയതും, ഉടൻ പുറത്തിറങ്ങാനിരിക്കുന്നതുമായ കെട്ടി നിർമ്മാണ ചട്ടങ്ങളിലെ പ്രധാന പരിഷ്കരണ ഉത്തരവുകൾ.

  1. കെട്ടിട നിർമ്മാണം നടക്കുന്ന ഭൂമിയിൽ തന്നെ മുഴുവൻ പാർക്കിംഗും വേണമെന്ന വ്യവസ്ഥ ലഘൂകരിച്ച്, 200 മീറ്റർ പരിധിക്കുള്ളിലുള്ള സ്വന്തം ഭൂമിയിൽ പാർക്കിംഗ് അനുവദിക്കാവുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി. വ്യവസായ അന്തരീക്ഷത്തിൽ ഏറെ സഹായകമായ നടപടിയാണ് ഇത്.
  2. കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് ഒരു മീറ്റർ ആയി കുറച്ചുകൊണ്ടുള്ള ചട്ട ഭേദഗതി
  3. ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിർമ്മിക്കുന്ന കെട്ടിടങ്ങള്‍, ആ തെരുവുമായി ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ്‌ വരുത്തും. അപ്രകാരമുള്ള തെരുവ് അഞ്ചില്‍ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കില്‍ ആ വഴി പ്രയോജനപ്പെടുത്തുന്ന എല്ലാ ഭൂവുടമകളും കെട്ടിട ഉടമകളും എഴുതി നല്‍കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരുവിനോട് ചേര്‍ന്നുള്ള പ്ലോട്ട്‌ അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റര്‍ വരെയാക്കി കുറയ്ക്കാവുന്നതാണ്‌ എന്ന ഭേദഗതിയാണ്‌ വരുത്തുക. ഇതിന്‌ ആവശ്യമായ ഭേദഗതി കെട്ടിട നിർമ്മാണ ചട്ടം 23 ആം ചട്ടത്തിന്റെ രണ്ടാം ഉപചട്ടത്തില്‍ വരുത്തും.
  4. കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ മാത്രം പെർമിറ്റ് റദ്ദാക്കില്ല. കെട്ടിട നിർമ്മാണ ചട്ടം 19(5)ൽ ഇളവ് നൽകും.
  5. വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി നിലം നിരപ്പിൽ പന്തലിടുന്ന രീതി സംസ്ഥാനത്തുണ്ട്. ഇത്തരത്തിൽ വശങ്ങളിൽ തുറന്ന നിലയിൽ വീടുകൾക്ക് മുൻപിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമ്മിതിയായി കണക്കാക്കില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിർമ്മാണ ചട്ടം 23(1), 2 (bf) യിൽ വരുത്തുന്നു. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നിൽക്കുന്നത് പോലെയുള്ള നിയമലംഘനങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നൽകുന്നത്. ഈ ഭാഗത്ത് തറ നിർമ്മിക്കാനോ, ചട്ടങ്ങൾ അനുവദിക്കാത്ത ഏതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പാടുള്ളതല്ല.
  6. പെർമ്മിറ്റ് കാലാവധി 15 വർഷമായി വർധിപ്പിക്കുന്നു.
  7. റോഡ് വികസനത്തിന് വേണ്ടി സൌജന്യമായി ഭൂമി വിട്ടുനൽകിയവർക്ക് മിനിമം സെറ്റ്ബാക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള ഇളവുകൾ നൽകും.
  8. അപ്പൻഡിക്സ് M ൽ ഉൾപ്പെടുത്തിയ ചട്ടം 26 സെറ്റ്ബാക്ക്, ചട്ടം 27 കവറേജ്, ചട്ടം 29 പാർക്കിംഗ്, ചട്ടം 28 ആക്സസ് തുടങ്ങിയ വ്യവസ്ഥകളിലെ ചട്ടലംഘനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫൈൻ ഈടാക്കിക്കൊണ്ട് ഇളവുകൾ നൽകുന്നതിനുള്ള നിർദേശങ്ങളും തയ്യാറായി.
  9. കെട്ടിട നിർമ്മാണച്ചട്ടങ്ങളിൽ സമഗ്രമായ ഭേദഗതി നിർദേശിക്കുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*