ഗുരുതരമായ ലൈഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷ് എംഎല്‍എയെ മാറ്റാതെ സര്‍ക്കാര്‍. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുകേഷിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. ആദ്യം മുതല്‍ തന്നെ മുകേഷ് കമ്മിറ്റിയില്‍ അംഗമായിരുന്നു. രണ്ടിലധികം ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നത്.
സിനിമാ സെറ്റിലും ചാനല്‍ പരിപാടിയിലുമുള്‍പ്പടെ ആരോപണം നേരിടുന്ന വ്യക്തിയെ എന്തിന് സംരക്ഷിക്കണമെന്നും അദ്ദേഹത്തെ മാറ്റണമെന്നുമാണ് പ്രതിപക്ഷവും യുവജന സംഘടനകളും ഒരുപോലെ ആവശ്യപ്പെടുന്നത്. ഇത്തരമൊരു ആരോപണം നേരിടുന്ന വ്യക്തിക്ക് എങ്ങനെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച സമിതിയില്‍ അംഗമായി നിലനില്‍ക്കാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമടക്കമുള്ള സംഘടനകള്‍ വലിയ തോതില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മുകേഷും സമ്മര്‍ദ്ദത്തിലാവുകയാണ്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് സമിതി ചെയര്‍മാന്‍. സമിതിയിലുണ്ടായിരുന്ന മഞ്ജു വാര്യര്‍, രാജീവ് രവി എന്നിവരടക്കം ആദ്യഘട്ടത്തില്‍ തന്നെ പിന്‍മാറിയിരുന്നു.
അതേസമയം, കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചെന്ന ആരോപണവുമായി നടി മിനു മുനീര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും അവര്‍ ആരോപിച്ചു.
Be the first to comment