
പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു.
ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ല. ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്‌നം. അത് നാലേക്കറില്‍ അധികം വരില്ല. അതൊക്കെ ഇടതുസര്‍ക്കാരിന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ എടുത്ത നിലപാട് സിപിഐയുടെ എതിര്‍പ്പായി കാണേണ്ടതില്ല. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പദ്ധതിയില്‍ നിന്നും പിന്മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ആര്‍ജെഡിയും ആരു പറയുന്നതുമല്ല പ്രശ്‌നം, സര്‍ക്കാര്‍ തീരുമാനമെടുത്തു. അതുമായി മുന്നോട്ടേക്ക് പോകും. ബ്രൂവറിക്ക് തടസ്സമായ എന്തെങ്കിലും ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കമെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കിഫ്ബി റോഡുകളിലെ ടോള്‍ വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെ പ്രസ്താവനയെ ഗോവിന്ദന്‍ തള്ളി. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ടോളിനോട് പൊതുവേ യോജിപ്പില്ല. ടോളിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീര്‍ക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണ്ടിവരും. ധാരണയും വിശദമായ ചര്‍ച്ചയും രണ്ടും രണ്ടാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി റോഡുകളിലെ ടോള്‍ പിരിക്കുന്നത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്.
Be the first to comment