‘ ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു; ഗുണഭോക്താവ് കോണ്‍ഗ്രസ്’; എം വി ഗോവിന്ദന്‍

കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് മതസംഘടനകളുമായി കൂടിച്ചേര്‍ന്നുകൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയാണ്. എന്താണ് അങ്ങനെ സഖ്യം ചേര്‍ന്നാല്‍ എന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പോലെയുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിപ്പോള്‍ ലീഗ്കാര് ചേരുന്നുവെന്നത് മാത്രമല്ല. ഗുണഭോക്താവ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസാണ് – എം വി ഗോവിന്ദന്‍ വിശദമാക്കി.

നേരത്തെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന ഇത്തരം സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫിന് വോട്ട് ചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ചു. മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ട് നേടി വിജയിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് നയിക്കാനുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. കാരണം, ഇതിന്റെ അടിസ്ഥാന കാരണമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടാലെ തുറന്നു കാണിക്കേണ്ട ബാധ്യത കൃത്യമായി ഉള്‍ക്കൊള്ളാന്‍ സാധിക്കൂ – അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം സ്വാഭാവികമായും ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മാണ് ഏറ്റവും പ്രധാനപ്പെട്ട ശത്രുവെന്നാണ് പറയുന്നത്. ആര്‍എസ്എസിന്റെ നമ്പര്‍ വണ്‍ ശത്രു സിപിഐഎം. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ശത്രു സിപിഐഎം. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ലീഗിന്റെയും ഒന്നാമത്തെ ശത്രു സിപിഐഎം. സിപിഎമ്മിനെതിരായ ഒരു ഐക്യധാര രൂപപ്പെടുത്തുക എന്നതാണ് ഇവരുടെ ഉന്നം. അതിന്റെ അര്‍ഥം മുസ്ലീം കേന്ദ്രീകൃത മേഖലയിലുള്‍പ്പടെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലീം ജനവിഭാഗത്തിനുള്‍പ്പടെ സ്വാധീനം നേടാനാവുന്നു എന്നതാണ് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ചേര്‍ന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് തൃശൂരെന്നും നേരത്തെ യുഡിഎഫിന് അനുകൂലമായി ആര്‍എസ്എസ് വോട്ട് ചെയ്തിരുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയെ വിജയിപ്പിക്കാന്‍ വേണ്ടി യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് നല്‍കി. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*