
കണ്ണൂർ : ചിങ്ങമാസം പിറന്നതോടെ നീലവസന്തം തീർത്ത് കൂടുതൽസുന്ദരിയായി കണ്ണൂരിലെ മാടായിപ്പാറ. നീല പുതപ്പ് വിരിച്ചതു പോലെ കാഴ്ചക്കാരുടെ മനസിൽ അനുഭൂതിയുണ്ടാക്കി വിരിഞ്ഞു നിൽക്കുകയാണ് കാക്കപ്പൂക്കൾ. മൂന്നാറിന് സമാനമായ കാഴ്ചയാണ് കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറ സമ്മാനിക്കുന്നത്.
മാടായിപ്പാറ ഏഴിമലയുടെ താഴ് വരയിലെ നീല വസന്തം പ്രകൃതിയൊരുക്കുന്ന വിരുന്നായാണ് വിനോദ സഞ്ചാരികൾ കണക്കാക്കുന്നത്. പുല്ലിനോടൊപ്പമാണ് മാടായി പാറയിൽ കാക്കപ്പൂക്കൾ കണ്ടുവരുന്നത്. ഓണത്തിൻ്റെ ഭാഗമായി വീടുകളിൽ പൂക്കളമൊരുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രധാന നാടൻ പൂക്കളിലൊന്നാണ് കാക്കപ്പുക്കൾ. കിണ്ടിപ്പൂവെന്ന പേരിലും ചിലയിടങ്ങളിൽ ഇതു അറിയപ്പെടുന്നുണ്ട്.
വിശാലമായ ജലാശയങ്ങളുള്ള ജൈവ സങ്കേതമായ മാടായിപ്പാറയിലെ ഉറവയുള്ള പാറയിലും വയലുകളിലും കാക്കപ്പുവിൻ്റെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. വയലിൽ വിരിയുന്ന പൂക്കൾക്ക് വലുപ്പം കൂടുതലാണുള്ളത്. നെൽവയലിൻ കാണപ്പെടുന്നതിനാൽ ഇതിനെ നെല്ലിപ്പൂവെന്നും അറിയപ്പെടാറുണ്ട്. കാക്കപ്പൂവിനൊപ്പം പാറ നീലപ്പൂ , കൃഷ്ണപ്പൂ തുമ്പപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. അപുർവ്വമായ നാനൂറിലേറെ സസ്യജാലങ്ങളും ജീവജാലങ്ങളും ഇവിടെയുണ്ട്.
മനുഷ്യരുടെ അനിയന്ത്രിതമായ കടന്നുകയറ്റം മാടായിപ്പാറയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയാണ്. വിനോദ സഞ്ചാരികൾ പ്ളാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്നതും വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കുന്നതും മാടായിപ്പാറയുടെ സ്വാഭാവികതയ്ക്കു കോട്ടമുണ്ടായിട്ടുണ്ട്. ജുതക്കുളം ഉൾപ്പെടെയുള്ള നിരവധി ജലാശയങ്ങളും വട മുകുന്ദ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാ കേന്ദ്രങ്ങളും മാടായിപാറയിലുണ്ട്.
പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തി കൊണ്ടു ജൈവ സങ്കേതമായി മാടായി പാറയെ നിലനിർത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. ഒക്ടോബർ മാസം അവസാനം വരെ മാടായിപ്പാറയിൽ നീലവസന്തം നിലനിൽക്കും.
Be the first to comment