ലോകായുക്ത ബിൽ നിയമസഭയിൽ പാസാക്കി മഹാരാഷ്ട്ര സർക്കാർ. ബിൽ പ്രകാരം മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് നിയമസഭയുടെ മുൻകൂർ അനുമതി വേണം. ബില്ലിനെ ചരിത്രപരമായ നിയമ നിർമ്മാണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരമൊരു നിയമം നിലവിൽ വരുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അദ്ദേഹം പറഞ്ഞു.
ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ പരിധിയിൽ കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കാബിനറ്റ് മന്ത്രി ദീപക് കേസാർകർ ആണ് അവതരിപ്പിച്ചത്. ബിൽ അനുസരിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിനും സഭയുടെ സമ്മേളനത്തിന് മുൻപായി പ്രമേയം കൊണ്ടുവരുന്നതിനും മുൻപ് ലോകായുക്തയുടെ അംഗീകാരം തേടണം.
ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഇത്തരമൊരു നിർദ്ദേശത്തിന് മഹാരാഷ്ട്ര നിയമസഭയിലെ ആകെ അംഗങ്ങളുടെ മൂന്നിൽ രണ്ട് പേരുടെയെങ്കിലും അംഗീകാരം ആവശ്യമാണ്. ആഭ്യന്തര സുരക്ഷയുമായ പൊതു ക്രമസമാധാനമായോ ബന്ധപ്പെട്ട കേസുകൾ ലോകായുക്ച അന്വേഷിക്കില്ലെന്നും ബില്ലിൽ പറയുന്നു. വ്യവസ്ഥകൾ അനുസരിച്ച് ലോകായുക്തയ്ക്ക് ഒരു ചെയർ പേഴ്‌സൺ ഉണ്ടായിരിക്കും.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, നിയമസഭാ പ്രതിപക്ഷ നേതാവ്, കൗൺസിൽ എന്നിവരടങ്ങുന്നതാണ് ലോകായുക്ത ചെയർപേഴ്‌സണെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി.
Be the first to comment