മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

മുംബൈ: മഹാരാഷ്ട്രയിൽ  ഉദ്ധവ് താക്കറെയോട്  ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. അതേസമയം, വിശ്വാസ വോട്ടെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശിവസേന ഒരുങ്ങുന്നത്.

മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സമ്മേളനം വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ധവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.

തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി ജെ പി കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്ര ഫഡ്നവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ധവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*