മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി ബിജെപി, ശിവനേന (ഷിൻഡെ വിഭാഗം), എൻ.സി.പി( അജിത് പവാർ വിഭാഗം) സഖ്യം മഹായുതി. ശിവസേന (ഉദ്ദവ് വിഭാഗം), കോൺഗ്രസ്, എൻസിപി ശരദ് പവാർ എന്നിവരുടെ മഹാവികാസ് ആഘാഡി സഖ്യം മഹായുതിയുടെ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞു.
മൊത്തം 288 സീറ്റിൽ 227 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 56 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപി മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്.
ബുധനാഴ്ച അവസാനിച്ച പോളിംഗിൽ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്.
അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി ഝാർഖണ്ഡിൽ വിജയത്തിലേക്ക്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 53 സീറ്റിൽ മുന്നിൽ നിൽക്കുകയാണ്. 27 സീറ്റിൽ എൻഡിഎ സഖ്യവും മുന്നിൽ നിൽക്കുന്നു.
ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി 200 കടന്നതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു.
‘മഹാരാഷ്ട്രയിലെ വോട്ടര്‍മാരോട് ഞാന്‍ നന്ദി പറയുന്നു. ഇത് വന്‍ വിജയമാണ്. മഹായുതിക്ക് തകര്‍പ്പന്‍ വിജയം ലഭിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു. മഹായുതി പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.
Be the first to comment