കുന്നോത്ത് മേജര്‍ സെമിനാരി രജത ജൂബിലി നിറവില്‍

കണ്ണൂര്‍: സീറോ മലബാര്‍ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി രജതജൂബിലി വര്‍ഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 5) സെമിനാരിയില്‍ നടക്കും. രാവിലെ ഒമ്പതിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്യും.

സെമിനാരി റെക്ടര്‍ ഫാ. ജേക്കബ് ചാണിക്കുഴി, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, നസ്രത്ത് സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ജസീന്ത എന്നിവര്‍ പ്രസംഗിക്കും.

മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ 2000 സെപ്റ്റംബര്‍ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനംവഴിയാണ് സെമിനാരി സ്ഥാപിതമായത്. തലശേരി ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം കുന്നോത്ത് സാന്തോം എസ്റ്റേറ്റില്‍നിന്നു ദാനമായി നല്‍കിയ 20 ഏക്കര്‍ സ്ഥലത്താണ് സെമിനാരി നിര്‍മിച്ചത്.

നസ്രത്ത് സിസ്റ്റേഴ്‌സ് താല്‍ക്കാലികമായി നല്‍കിയ കെട്ടിടത്തിലാണ് ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ സെമിനാരി പ്രവര്‍ത്തിച്ചത്. 2003 ജൂലൈ 18 മുതല്‍ സ്വന്തം കെട്ടിടത്തില്‍ സെമിനാരി പ്രവര്‍ത്തനമാരംഭിച്ചു. തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്താമാരായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞറളക്കാട്ട് എന്നിവര്‍ ഇക്കാലഘട്ടത്തില്‍ സെമിനാരിയുടെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോര്‍ജ് പുളിക്കല്‍, ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍, ഫാ. എമ്മാനുവേല്‍ ആട്ടേല്‍ എന്നിവര്‍ സെമിനാരിയുടെ റെക്ടര്‍മാരായിരുന്നു. മാര്‍ ജോസഫ് പാംപ്ലാനി ചെയര്‍മാനും മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ അംഗങ്ങളുമായ സിനഡല്‍ കമ്മീഷനാണ് സെമിനാരിയുടെ ഇപ്പോഴത്തെ ഉന്നതാധികാര സമിതി. ഫാ. ജേക്കബ് ചാണിക്കുഴിയാണ് റെക്ടര്‍.

സെമിനാരിയുടെ തത്വശാസ്ത്ര വിഭാഗം പൂനയിലെ ജ്ഞാനദീപ വിദ്യാപീഠവുമായും ദൈവശാസ്ത്ര വിഭാഗം കോട്ടയത്തെ പൗരസ്ത്യ വിദ്യാപീഠവുമായും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 386 വൈദികരാണ് ഇവിടെ പരിശീലനം നേടിയിട്ടുള്ളത്. 175 വിദ്യാര്‍ത്ഥികളും 15 വൈദികരുമാണ് ഇപ്പോഴിവിടെയുള്ളത്.
ജൂബിലിവര്‍ഷത്തില്‍ അന്തര്‍ദേശീയ സെമിനാറുകള്‍, ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, സാമൂഹ്യക്ഷേമ പദ്ധതികള്‍, വിവിധ മേജര്‍ സെമിനാരികളെ ഉള്‍പ്പെടുത്തി കലാസാഹിത്യ മത്സരങ്ങള്‍, കായികമേള എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ ജൂബിലി സമാപനാഘോഷം നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*