കുവൈത്തിലെ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മാർ റാഫേൽ തട്ടിൽ

കാക്കനാട്: കുവൈത്തിലെ തീപിടുത്തത്തിലുണ്ടായ കൂട്ടമരണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുശോചനം അറിയിച്ചു. മരണമടഞ്ഞ 49 വിദേശ തൊഴിലാളികളിൽ 45 പേർ ഇന്ത്യക്കാരാണെന്നതും അതിൽ 24 പേർ മലയാളികളാണെന്നതും നമ്മുടെ ദുഃഖം വർദ്ധിപ്പിക്കുന്നു. ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി കടൽകടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസ്സിലാക്കുകയും അതിൽ സഭ പങ്കുചേരുകയും ചെയ്യുന്നതായി തട്ടിൽ പിതാവ് പറഞ്ഞു. 

കുവൈത്തിലെ തെക്കൻ നഗരമായ മംഗഫിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് ദാരുണമായ തീപിടുത്തമുണ്ടായത്. 50 പേർക്ക് പരിക്കേറ്റതായും അവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ സഭ വളരെ ദുഃഖിതരാണ്. ഞങ്ങളുടെ ആത്മാർത്ഥവും ഹൃദയംഗമവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് സഭയുടെ പ്രാർത്ഥന. ദുഃഖിതരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളുടെ ജീവിതത്തിൽ സാന്ത്വനമേകാനും സാമ്പത്തീക സഹായങ്ങൾ നൽകാനും സർക്കാരിനോടൊപ്പം സഭയും പങ്കുചേരുന്നുവെന്നും തട്ടിൽ പിതാവ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*