മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നൂറോളം ഫോറസ്റ്റ് ഓഫിസർമാരെ സന്നിധാനത്ത് വിന്യസിച്ച് കേരള വനം വകുപ്പ്. റേഞ്ച് ഓഫിസർ, സെക്ഷൻ ഓഫിസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, പമ്പ മുതൽ സന്നിധാനം വരെ നാലിടങ്ങളിലായി സ്നേക്ക് റെസ്ക്യൂ ടീമുകൾ, എലിഫന്റ് സ്ക്വാഡ്, ഫോറസ്റ്റ് വാച്ചർമാർ, പ്രൊട്ടക്ഷൻ വാച്ചർമാർ, ആംബുലൻസ് സർവീസ്, ഭക്തർക്ക് വെള്ളവും ബിസ്കറ്റും നൽകാൻ സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ എന്നിവരെ പുൽമേട് മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുണ്ട്.
ഭക്തർക്ക് മിതമായ നിരക്കിൽ ലഘു ഭക്ഷണ ശാലകൾ ഫോറസ്റ്റ് എക്കോ ഷോപ്പ് എന്ന പേരിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം വിപുലമായ സംവിധാനങ്ങളാണ് പമ്പ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ രാജീവ് രഘുനാഥ് അറിയിച്ചു.
തീർഥാടകർക്കുള്ള നിർദേശങ്ങൾ:
- മകരജ്യോതി ദർശിക്കാൻ ഭക്തർ വനത്തിനുള്ളിൽ ടെന്റുകൾ കെട്ടി താമസിക്കാൻ പാടില്ല. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും.
- മകരജ്യോതി ദർശിക്കാൻ മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- ആരോഗ്യപ്രശ്നങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ ഒരിക്കലും കാനന പാതകൾ സ്വീകരിക്കാൻ പാടില്ല.
- വഴിയിൽ കാണുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുകയോ, അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്.
- ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക.
- കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക.
- വനത്തിനുള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാതിരിക്കുക.
- ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം വനത്തിൽ നിക്ഷേപിക്കരുത്.
- പ്ലാസ്റ്റിക് ഉത്പന്നങ്ങളും ചില്ലു കുപ്പികളും വനത്തിൽ ഉപേക്ഷിക്കുന്നത് വന്യജീവികൾക്ക് അപായമുണ്ടാക്കും. അതിനാൽ അവ വനത്തിലേക്ക് വലിച്ചെറിയരുത്.
Be the first to comment