പാലക്കാടും മലപ്പുറത്തും പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ

പാലക്കാട്: പാലക്കാടും മലപ്പുറത്തും പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ. വി കെ പടിയിലും എടപ്പാളിലും പരിസരങ്ങളിലുമാണ് മലപ്പുറത്ത് പ്രകമ്പനമുണ്ടായത്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടും ഒറ്റപ്പാലത്തുമാണ് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തുമണിയോടെ ശബ്ദവും ഭൂമിക്ക് വിറയലും ഉണ്ടാവുകയായിരുന്നു. മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്ത് അകലൂർ, ചളവറ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു. പാലക്കാടും രാവിലെ 10 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് ഈ പ്രദേശങ്ങളിലും മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശവാസി പറഞ്ഞു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. ‌

വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറുംസ്ഥിരീകരിച്ചു. കൂണ്‍ ഇടിയാണെന്നാണ് കരുതിയത്. എന്നാല്‍ വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ജനല്‍ചില്ലകളില്‍ തരിപ്പ് ഉണ്ടായിരുന്നു. ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രദേശത്ത് ഒരു പരിഭ്രാന്തി ഉണ്ട്. മാറി നില്‍ക്കാന്‍ നിര്‍ദേശം വരികയാണെങ്കില്‍ ചെയ്യും. ഇവിടേക്ക് മുണ്ടക്കൈയില്‍ നിന്ന് 24 കിലോമീറ്ററിലധികം ദൂരെമുണ്ടെന്നും തെളിഞ്ഞ കാലാവസ്ഥയാണെന്നും വാര്‍ഡ് മെമ്പര്‍ ഷമീര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*