
പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫ് ചിത്രം‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളി സ്ഥിരീകരിച്ചു. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് 2018. ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ നൂറ് കോടി ക്ലബ്ബിലെത്തിയത്.
ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’.
”ഈ വിജയം സാധാരണക്കാരന്റേതാണ്. ഒരു നടനോ സിനിമയോ അല്ല, മലയാളികൾ ഒരുമിച്ചു നേടിയ ആദ്യത്തെ 100 കോടി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. മലയാളികൾ എഴുതിയ തിരക്കഥയാണ്. അതിന്റെ മിനിയേച്ചർ മാത്രമാണ് ഈ സിനിമ. മനുഷ്യത്വത്തിന് പകരം ജാതി, മതം, പാർട്ടി എന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുകയാണ്. അങ്ങനെ ഒന്നുമില്ല ഇവിടെ. നമ്മൾ എല്ലാവരും ഒന്നാണ് എന്നു പറയുന്ന സിനിമയാണിത്. കേരളത്തെ കുറിച്ച് നെഗറ്റീവ് പറഞ്ഞ ഒരു സിനിമയെക്കുറിച്ച് ചർച്ചകളും വാഗ്വാദങ്ങളും ചൂടു പിടിച്ചിരുന്നതിന്റെ ഇടയിലേക്കാണ് ‘2018’ റിലീസ് ആയത്. നെഗറ്റീവ് മാത്രമെ വിറ്റു പോകുകയുള്ളൂ എന്നു പറഞ്ഞിരുന്നതിന് ഇടയിൽ ‘2018’ എന്ന സിനിമ ഒരു ദുരന്തമുഖത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളികളെ കാണിച്ചു. അതു കണ്ട പ്രേക്ഷകർ പറഞ്ഞു, ‘‘നിങ്ങൾ പറയുന്നതല്ല, ഇതാണ് കേരളം’’… ഇങ്ങനെയാണ് മലയാളികൾ! അത് ആവർത്തിച്ചത് ചാനലുകളായിരുന്നില്ല, ഇവിടുത്തെ സാധാരണക്കാരായ പ്രേക്ഷകരായിരുന്നു. ഒരു പരിധി വരെ നമ്മുടെ സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുന്നത് ആവശ്യമില്ലാതെ സംസാരിക്കുന്ന ചില കൂട്ടരാണ്. ഇന്ത്യയിൽ വേറെതു സംസ്ഥാനത്തിലുണ്ട്, ഇതുപോലെ സഹവർത്തിത്വത്തോടെ ജീവിക്കുന്ന ജനത? അത് മലയാളികളുടെ സ്വഭാവമാണ്. എല്ലാ ദിവസവും പരസ്പരം സംസാരിക്കണമെന്നില്ല. പക്ഷേ, ഒരു പ്രശ്നം വന്നാൽ ഓടി വരും. അതാണ് ഞാൻ പറഞ്ഞത്, ഈ സിനിമയുടെ വിജയം സാധാരണക്കാരുടെ വിജയമാണെന്ന്. ”- ജൂഡ് പറഞ്ഞു.
Be the first to comment