യുകെയിലെ കേംബ്രിഡ്ജ് സിറ്റി മേയറായി മലയാളി; കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു തിട്ടാല ചുമതലയേറ്റു: കൂടുതലറിയാം

ലണ്ടന്‍: ലോകത്തിലെ വിദ്യാഭ്യാസനഗരമെന്നു ആഗോള പ്രശസ്തിയാര്‍ജ്ജിച്ച യുകെയിലെ കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍. അതും കേരളത്തിന്റെ അക്ഷരനഗരിയെന്നു പേരുകേട്ട കോട്ടയംകാരന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൗണ്‍സിലറും കഴിഞ്ഞ ഒരു വര്‍ഷമായി ഡെപ്യുട്ടി മേയറുമായി സ്വന്തം വ്യക്തിത്വം കേംബ്രിഡ്ജ് സമൂഹത്തില്‍ മാത്രമല്ല ക്രിമിനില്‍ ഡിഫന്‍സ് സോളിസിറ്റര്‍ എന്ന നിലയില്‍ യുകെയിലാകെ തിളങ്ങി നില്‍ക്കുന്ന ലേബര്‍ പാര്‍ട്ടി അംഗംകൂടിയായ കോട്ടയം ആര്‍പ്പൂക്കര, കരിപ്പൂത്തട്ടുകാരന്‍ അഡ്വ. ബൈജു വര്‍ക്കി തിട്ടാല ആണ് അടുത്ത ഒരു വര്‍ഷത്തേക്ക് കേംബ്രിഡ്ജിന്റെ മേയര്‍ പദവിയില്‍ എത്തി ചുമതലയേറ്റിരിയ്ക്കുന്നത്. കേംബ്രിഡിജില്‍ ബ്രിട്ടീഷ് വംശജര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ മലയാളിയായ ബൈജു തിട്ടാല മേയര്‍ ആയി ചുമതയേറ്റത് യുകെ മലയാളികള്‍ക്ക് മാത്രമല്ല പ്രവാസി മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറിയിരിയ്ക്കയാണ്. യുകെ സമയം മെയ് 23 ന് രാവിലെ 11 മണിയ്ക്കാണ് ചടങ്ങ് നടന്നത്.

കേംബ്രിഡ്ജിലെ ആദ്യത്തെ മലയാളി മേയര്‍ എന്നു മാത്രമല്ല കേംബ്രിഡ്ജിന്റെ ചരിത്രത്തില്‍ വെള്ളക്കാരനല്ലാത്ത ഒരാള്‍ ആദ്യമായിട്ടാണ് മേയര്‍ പദവിയിലെത്തുന്നത്. അതും ഒരു ചരിത്ര സംഭവമാണ്. ആകെയുള്ള 42 കൗണ്‍സിലര്‍മാരില്‍ ബൈജു മാത്രമാണ് കുടിയേറ്റക്കാരുടെ പട്ടികയിലുള്ള ഏക അംഗം. ബൈജു മേയര്‍ പദവിയിലെത്തിയതോടെ ചുരുങ്ങിയത് ഈ പദവിയില്‍ എത്തുന്ന ഏഴാമത്തെ മലയാളി എന്ന നേട്ടവും യുകെ മലയാളി സമൂഹത്തിനു സ്വന്തമാകുകയാണ്. 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജു.

2013~ല്‍ ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എല്‍എല്‍ബി ബിരുദം നേടിയശേഷം ഈസ്ററ് ആംഗ്ളിയ യൂണിവേഴ്സിറ്റിയില്‍നിന്നും എംപ്ളോയ്മെന്റ് ലോയില്‍ ഉന്നത ബിരുദവും കരസ്ഥമാക്കിയ ബൈജു 2018ല്‍ കേംബ്രിഡ്ജിലെ ഈസ്ററ് ചെസ്ററര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നും ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീടുള്ള തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷത്തോടെ വീണ്ടും വിജയിച്ച് കൗണ്‍സിലറായി. മേയര്‍ പദവിയില്‍ മാത്രമല്ല ഭാവിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുള്ള തരത്തില്‍ ഏറെ രാഷ്ട്രീയ ബന്ധങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്ന വ്യക്തി കൂടിയാണ് ബൈജു. ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സിഎല്‍പി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ് ഇദ്ദേഹം.2019 മുതല്‍ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനല്‍ ഡിഫന്‍സ് ലോയറായിട്ടാണ് ഔദ്യോഗികമായി പ്രാക്ടീസ് ചെയ്യുന്നത്.

ബൈജു തിട്ടാല ആര്‍പ്പൂക്കര തിട്ടാല പാപ്പച്ചന്‍~ ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജില്‍ നഴ്സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ആന്‍സി തിട്ടാലയാണ് ഭാര്യ, കോട്ടയം മുട്ടുചിറ മേലുക്കുന്നേല്‍ കുടുംബാംഗമാണ് ആന്‍സി. വിദ്യാര്‍ത്ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവര്‍ മക്കളാണ്.

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലെ നെല്‍വയല്‍ തൊഴിലാളിയായിരുന്നു ബൈജുവിന്റെ പിതാവ് പാപ്പച്ചന്‍. കൗമാരപ്രായത്തിലെ ബൈജുവിന്റെ സ്വപ്നം എന്നത് ഒരു അഭിഭാഷകനും രാഷ്ട്രീയക്കാരനും ആകുക എന്നതായിരുന്നു. പക്ഷേ 18~ാം വയസ്സില്‍ സ്വയം പഠനം ഉപേക്ഷിക്കേണ്ടിവന്നു, ചായക്കടയില്‍ ജോലി ചെയ്തു വേണമായിരുന്നു കുടുംബം പുലര്‍ത്താന്‍. കൂടാതെ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങളിലും ഫീല്‍ഡ് ബോയ് എന്ന നിലയിലും മികച്ച അവസരങ്ങള്‍ തേടി ബൈജു ഡല്‍ഹിയിലേക്ക് വണ്ടി കയറി, അവിടെ കെട്ടിടങ്ങളുടെ മൂന്നാം നില വരെ ഭാരമുള്ള വസ്തുക്കളും വസ്തുക്കളും ചുമലിലേറ്റി. ഇതിനിടെ ഡല്‍ഹിയില്‍ തന്നെ നഴ്സായിരുന്ന ആന്‍സിയെ ബൈജു വിവാഹം കഴിച്ചു.

ആന്‍സി ബ്രിട്ടനിലേക്ക് കുടിയേറിയ സംഭവമാണ് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായത്. ബൈജുവും ആന്‍സിയെ അനുഗമിച്ചു, തുടര്‍ന്നുള്ള പോരാട്ടത്തില്‍ യുകെയിലെത്തി ഒരു കെയര്‍ അസിസ്ററന്റായി ജോലി ചെയ്യുന്നതിനിടയിലാണ് വീണ്ടും പഠനത്തിലേക്ക് മടങ്ങാന്‍ അവസരം കണ്ടെത്തിയത്, പ്രായമായവരെ നോക്കുന്നതിനൊപ്പം, ആവേശത്തോടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിനിടയില്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാഹചര്യങ്ങള്‍ ഇടയാക്കി, കാരണം അത് ഒരു അഭിനിവേശം തന്നെയായിരുന്നു. തുടര്‍ന്ന് കേംബ്രിഡ്ജ് റീജിയണല്‍ കോളേജില്‍ നിന്ന് രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും ചരിത്രവും പഠിച്ചു.

ഒട്ടും താമസിയാതെ തന്നെ നിയമപഠനത്തിനും ചേര്‍ന്നു, ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2013~ല്‍ 2.1 എല്‍എല്‍ബിയില്‍ (ഓണേഴ്സ്) ബിരുദം നേടിയശേഷം ഈസ്ററ് ആംഗ്ളിയ സര്‍വകലാശാലയില്‍ എംപ്ളോയ്മെന്റ് ലോയില്‍ ഒരു കോഴ്സും ആംഗ്ളിയ റസ്കിനില്‍ നിന്ന് ലീഗല്‍ പ്രാക്ടീസ് കോഴ്സും എടുത്താണ് ഒടുവില്‍ 2019~ല്‍ ഒരു സോളിസിറ്ററായി യോഗ്യത നേടിയത്, നിലവില്‍ ഒരു പ്രാദേശിക സ്ഥാപനത്തില്‍ ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററായി പ്രാക്ടീസ് ചെയ്യുന്നു.

യുകെയിലുടനീളമുള്ള ദക്ഷിണേന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കായി തൊഴില്‍ ബോധവത്കരണ സെഷനുകള്‍ നടത്തുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ സജീവ അംഗമെന്ന നിലയില്‍ 2009~ല്‍ കമ്മ്യൂണിറ്റി ആക്ടിവിസത്തില്‍ ഏര്‍പ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ ഇതര നഴ്സുമാരുടെ യുക്തിരഹിതവും ആനുപാതികമല്ലാത്തതും വിവേചനപരവുമായ ഇംഗ്ളീഷ് ഭാഷാ സ്ററാന്‍ഡേര്‍ഡ് ആവശ്യകതകള്‍ക്കെതിരെ ഇവിടുത്തെ പ്രാദേശിക എംപിയുടെ പിന്തുണയോടെ ബൈജു പാര്‍ലമെന്റിലും ലോബി ചെയ്തു, ആ നിയമം പിന്നീട് മാറി. ബൈജുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതാണ് എന്നാണ് കരുതുന്നത്.

2018~ലെ ഉപതെരഞ്ഞെടുപ്പില്‍ ഈസ്ററ് ചെസ്ററര്‍ട്ടണിനെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു, സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ തലമുറയിലെ കൗണ്‍സിലര്‍മാരില്‍ ഒരാളായി. അന്നുമുതല്‍, എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് അധഃസ്ഥിതര്‍ക്കായി, ഒരു നീതിയുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി ബൈജു നിരവധി പ്രശ്നങ്ങളുമായി പോരാട്ടം തുടരുകയാണ്. 

2023 മെയ് മാസത്തില്‍, ചരിത്രപ്രസിദ്ധമായ കേംബ്രിഡ്ജിന്റെ ആദ്യത്തെ ഏഷ്യന്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളത്തിലെ വിവിധ ചാനലുകളില്‍ പാനല്‍ ചര്‍ച്ചകളില്‍ സജീവമാണ് ബൈജു. രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*