മലയാളി മാധ്യമപ്രവർത്തക ഹൈദരാബാദില്‍ വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പടിയൂര്‍ സ്വദേശിനി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഇ.ടി.വി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്റ് എഡിറ്ററായിരുന്നു. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ വീട്ടുവളപ്പില്‍ നടക്കും.

നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മഹാരാഷ്‌ട്ര സ്വദേശിനിയും ഇ.ടി.വി ഭാരത് ഉത്തര്‍പ്രദേശ് ഡെസ്‌കിലെ കണ്ടന്‍റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനാലി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

 നിവേദിതയെയും സോനാലിയെയും ഇടിച്ചുതെറിപ്പിച്ച കാർ നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടം ഉണ്ടായ ഉടൻ കാറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിവേദിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിമാനമാര്‍ഗം വീട്ടിലേക്ക് കൊണ്ട് വന്നു. പടിയൂര്‍ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്റെയും ബിന്ദുവിന്റെയും മകളാണ് നിവേദിത. ബിരുദ വിദ്യാര്‍ഥിയായ ശിവപ്രസാദാണ് സഹോദരന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. 2021 മെയിലാണ് നിവേദിത ഇ.ടി.വി ഭാരതില്‍ കണ്ടന്റ് എഡിറ്ററായി ചേരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*