ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസുകാരൻ മരിച്ചു

ഡല്‍ഹി: ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസുകാരൻ മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനീഷ് (50) ആണ് മരിച്ചത്. ഡൽഹി  അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ബിനീഷ് പ്രത്യേക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ​ഗുരുതരാവസ്ഥയിലായതിനാൽ പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വസീറാബാദ് പോലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിൽ 1400 പോലീസുകാരാണ് പങ്കെടുക്കുന്നത്. ഇതിൽ 12 മലയാളികളുമുണ്ടായിരുന്നു.

ഡൽഹിയിൽ കനത്ത ചൂട് തുടരുന്നതിനാൽ റെഡ് അലേ‍ർ‌ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 49.9 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഡൽഹിയിൽ അനുഭവപ്പെട്ടതിൽ റെക്കോർഡ് താപനിലയാണ് ഇത്. 2022 മെയ് 15നും 16നും നേരിട്ട 49.2 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു ഡൽഹിയിലെ കഴിഞ്ഞ 100 വർഷത്തെ ഏറ്റവും കൂടിയ താപനില. നരേലയിലും മുങ്കേശ്പൂരിലും 49.9 ഡി​ഗ്രി താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. നജഫ്​ഗറിൽ 49.8 ഡി​ഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ട താപനില.

ഇതിന് പുറമെ, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യതലസ്ഥാനത്ത് ശുദ്ധജലക്ഷാമമുണ്ടാകാൻ സാധ്യതയുള്ളതായി സർക്കാരിന്റെ മുന്നറിയിപ്പുണ്ട്. ജലം പാഴാക്കിയാൽ പിഴയീടാക്കുമെന്ന് ജലവകുപ്പ് മന്ത്രി അതിഷി മർലേന മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിക്ക് പുറമെ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡി​ഗഡ്, പശ്ചിമ ഉത്ത‍‌‍ർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*