
സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍ നടക്കും.
ചേര്‍ത്തല വയലാര്‍ പത്മവിലാസത്തില്‍ പരേതനായ ദിനമണിയുടെയും സുധിയമ്മയുടെയും മകനാണ് ജയകുമാര്‍. ജയ സജിയാണ് സഹോദരി. കുറെക്കാലമായി തിരുവാണിയൂര്‍ ഗ്രീന്‍ ഹൗസിലായിരുന്നു താമസം. ഡോ. അജിത, മകള്‍ ലക്ഷ്മിധൂത എന്നിവരോടൊപ്പം കഴിഞ്ഞ ഏപ്രിലിലാണ് പെരുമ്പാവൂരില്‍നിന്ന് കാറില്‍ യാത്ര ആരംഭിച്ചത്. ഹൃദയത്തിന് തകരാര്‍, പ്രമേഹം, വലതു കൈക്ക് സ്വാധീനക്കുറവ് എന്നിവയുണ്ടെങ്കിലും ജയകുമാര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.
നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്,തായ്ലാന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ, ചൈന, മലേഷ്യ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 26-ന് നാട്ടിലെത്താനിരിക്കെ 23-നായിരുന്നു അന്ത്യം. ഭാരതയാത്രകള്‍ക്കു ശേഷം നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ പോയി. കോവിഡ് കാലത്തിനു ശേഷം മൂന്നുപേരും കൂടി നടത്തിയ 107 ദിവസത്തെ ഭാരതയാത്രയില്‍ 30,000 കിലോമീറ്റര്‍ താണ്ടിയിരുന്നു.
Be the first to comment