അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധർ സംഘത്തിൽ മലയാളിയും

ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിൽ കൊല്ലം സ്വദേശിയും. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോൻ പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റിൽ തിരച്ചിലും ഡ്രെഗ്‌ജിങ്ങും നടത്തിയത്. 

12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോൻ പറയുന്നു.ലോറിയുടെ ഫോട്ടോ കണ്ടിരുന്നു, ലോറിയുടെ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും സാമ്യമുള്ളതായിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ചത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിലിനായി ഇറങ്ങാൻ പോകുകയാണെന്നും ജോമോൻ കൂട്ടിച്ചേർത്തു.

ഡ്രെഡ്ജിങ്ങിന്റെ ഇടയിൽ പുഴയുടെ അടിത്തട്ടിൽ കറുത്ത ലോഹഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മുങ്ങൽ വിദഗ്ദ്ധർ അതെ പോയിന്റിൽ തിരച്ചിലിനായി ഇറങ്ങിയത്. വേലിയിറക്കത്തിൽ വെള്ളമിറങ്ങിയപ്പോൾ ക്രെയിനുപയോഗിച്ച് ഉയർത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അർജുൻ ഓടിച്ച ലോറി തന്നെയാണിതെന്ന് മനാഫ് സ്ഥിരീകരിക്കുകയായിരുന്നു. തിരച്ചിൽ നടക്കുന്ന സമയത് ബോട്ടിലുണ്ടായിരുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലാണ് മൃതദേഹം ലോറിയിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

72 -ാംദിവസമാണ് ഗംഗാവലിയിൽ നിന്നും ലോറി കണ്ടെത്തുന്നത്. കരയിൽ നിന്ന് 65 മീറ്റർ അകലെയായി 12 മീറ്റർ താഴ്ചയിലായിരുന്നു ലോറി കണ്ടെത്തിയത്. കണ്ടെത്തലിൽ ക്യാബിൻ തകർന്നെങ്കിലും അതിനുള്ളിലായിരുന്നു മൃതദേഹം. ലോറിയും ഷാസിയും വേർപ്പെട്ടിരുന്നില്ല. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം കാർവാർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം.മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.

അർജുന്റെ മൃതദേഹത്തിൽ നിന്നുള്ള ഡിഎൻഎ സാമ്പിളും ഷിരൂരിലുള്ള സഹോദരൻ അഭിജിത്തിന്റെ സാംപിളുമാണ് പരിശോധനയ്ക്കായി അയച്ചത്. ലോറിയുടെ ക്യാബിൻ ആയതിനാൽ 95 ശതമാനവും മൃതദേഹം അര്ജുന്റെത് തന്നെയാവാനാണ് സാധ്യത.ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം

അതേസമയം, ഷിരൂരില്‍ കരയിലെത്തിച്ച അര്‍ജുന്‍റെ ലോറി പരിശോധിച്ചപ്പോള്‍ ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന്‍ പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് അർജുന്‍റെ കുടുംബം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയത്. ദൗത്യം വിജയകരമാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അർജുന്‍റെ സഹോദരി അഞ്ജു പറഞ്ഞു.

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*