നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ നടപ്പാക്കുന്നു. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം.
വധശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനില്‍ പോയിരുന്നു. പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു യാത്ര.
വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കൂടാതെ, ബ്ലഡ് മണി നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്ക നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.
യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷമാണ് നിമിഷ തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെട്ടതും ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടിയതും. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ അബ്ദു മഹ്ദി ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതും കൊലപാതകത്തിലേക്ക് നയിച്ചതും.
2018ല്‍ യമനിലെ വിചാരണക്കോടതിയാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് കാണിച്ച് അന്ന് നിമിഷ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ കഴിയുന്നത്.
Be the first to comment