മലയാളികൾ സ്വയം ചികിത്സയുടെ വിപത്തുകളെക്കുറിച്ച് ബോധവാന്മാരാകണം; തോമസ് ചാഴികാടൻ എം.പി

കോട്ടയം: സ്വയം ചികിത്സ വരുത്തി വയ്ക്കുന്ന ആപത്തുകളെക്കുറിച്ച് മലയാളികൾ ബോധവാന്മാരാകണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോട്ടയം നാഗമ്പടം മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ആന്റി ബയോട്ടിക്ക് ഉപയോഗവും പ്രതിരോധവും ‘ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.

ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇനി മുതൽ ആന്റി ബയോട്ടിക്ക് മരുന്നുകൾ ആന്റി ബയോട്ടിക്ക് എന്നു സീൽ ചെയ്ത പ്രത്യേകം കവറുകളിലാണ് ലഭിക്കുക. ഈ സീലിന്റെ പ്രകാശനം തോമസ് ചാഴികാടൻ എം.പി പ്രൈവറ്റ് മെഡിക്കൽ സ്റ്റോർ അസോസിയേഷൻ പ്രതിനിധി കെ. ജെ. ആന്റണിക്ക് നൽകി നിർവഹിച്ചു.

മനുഷ്യർക്ക് മാത്രമല്ല വളർച്ച കൂട്ടാനും അണുബാധ മുൻകൂട്ടി തടയാനുമായി മൃഗങ്ങൾക്കും വളർത്തുമീനുകൾക്കും ആന്റി ബയോട്ടിക്ക് നൽകരുത്. ഭക്ഷണത്തിലൂടെ ഇത് മനുഷ്യരിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. ഏകാരോഗ്യം എന്നത് നമ്മൾ ശീലമാക്കണം.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുക, താത്ക്കാലിക രോഗ ശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ച് പൂർത്തിയാക്കുക, ബാക്കി വന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നീ മാർഗങ്ങളിലൂടെ പ്രതിരോധശേഷി ആർജ്ജിച്ച അണുക്കളിൽ നിന്നുള്ള അണുബാധയെ വലിയ രീതിയിൽ തടയാൻ സാധിക്കുമെന്ന് സെമിനാർ വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  പി.എസ്. പുഷ്പമണി ചടങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, ആർദ്രം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ എ.ആർ. ഭാഗ്യശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ജെ സിതാര, ഡ്രഗ്ഗ് ഇൻസ്‌പെക്ടർ സി.ഡി. മഹേഷ്, ജില്ലാ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*