മാലി: ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഇനിയും മാലദ്വീപിലേക്ക് വരണമെന്ന അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ . ഇന്ത്യയും മാലദ്വീപും തമ്മിൽ ചരിത്രപരമായ ബന്ധമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ കാണം മാലദ്വീപ് സമ്പദ്ഘടനയിൽ സാരമായ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാലദ്വീപിന്റെ ഈ നീക്കം. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.
സമാധാനവും സൗഹൃദവും എന്നും ചേര്‍ത്തുപിടിക്കുന്നവരാണ് മാലദ്വീപുകാര്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ പുതിയ സര്‍ക്കാരിന് ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇഷ്ടം. ഇന്ത്യക്കാര്‍ ഇനിയും മാലദ്വീപിലെത്തണമെന്നാണ് അഭ്യര്‍ഥന. ഞങ്ങളുടെ സമ്പദ് വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മാലദ്വീപിലെ ജനങ്ങളും സര്‍ക്കാരും ഇന്ത്യക്കാരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നും മാലദ്വീപ് ടൂറിസം മന്ത്രി പറഞ്ഞു.
മാലദ്വീപിലെ ചില മന്ത്രിമാര്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മാലദ്വീപ് ടൂറിസം മന്ത്രിയുടെ അഭ്യര്‍ഥന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നു മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തെറ്റിച്ചു. യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി.
ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം മാലദ്വീപിന് അനിവാര്യമാണ്. മുൻപ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പ മാലദ്വീപ് സ്വീകരിച്ചിരുന്നു.
Be the first to comment