മാളികപ്പുറം 100 കോടി ക്ലബിൽ, അഭിമാന മുഹൂർത്തമെന്ന് ഉണ്ണി മുകുന്ദൻ

ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ ആ​ഗോള കളക്ഷനിൽ 100 കോടി ക്ലബിൽ ഇടംപിടിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയാണ് മാളികപ്പുറം.

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ.. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’ എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*