ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
എട്ടോ പത്തോ സീറ്റുകളെങ്കിലും വേണമെന്ന കോൺഗ്രസ് അഭ്യർത്ഥന ടിഎംസി നിരസിച്ചതിനെത്തുടർന്ന് ഇരുപാർട്ടികളും തമ്മിൽ നേരത്തെ ഭിന്നത ഉണ്ടായിരുന്നു. മേഘാലയയിലും അസമിലും ടിഎംസി കോൺഗ്രസിന് ഓരോ സീറ്റ് വീതം നൽകിയേക്കും. അസമിൽ 14 ലോക്‌സഭാ സീറ്റുകളും മേഘാലയയിൽ രണ്ട് സീറ്റുകളുമുണ്ട്.
ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സീറ്റുകളെക്കുറിച്ച് ധാരണയായി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മാറ്റം. ഡൽഹിയിൽ 7 സീറ്റുകളിൽ മൂന്നിടത്ത് കോൺഗ്രസും ബാക്കിയിടങ്ങളിൽ ആം ആദ്മി പാർട്ടിയും മത്സരിക്കുമെന്നാണ് ധാരണ. അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കാൻ ഉത്തർപ്രദേശിലും ധാരണയായിട്ടുണ്ട്. അവിടെ 17 സീറ്റുകളിൽ കോൺഗ്രസും ബാക്കി 63 സീറ്റുകളിൽ സമാജ്‍വാദി പാർട്ടിയും ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികളും മത്സരിക്കും.
Be the first to comment