പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധം ; നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

ദില്ലി : പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നത്. ചേരി നിർമ്മാർജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് നിർമ്മിക്കുന്ന വീടുകൾക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവർക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നൽകുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ മറുപടി നൽകിയത്. ബ്രാന്‍റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത്.

പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നൽകുന്ന പദ്ധതിയും ഇതിൽപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താവിന് നൽകുന്നത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളിൽ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിലാണ് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

അതിൽ പ്രധാൻമന്ത്രി ആവാസ് യോജന അര്‍ബൻ വിഭാഗത്തിൽ 79860 വീടും ഗ്രാമീൺ വിഭാഗത്തിൽ 32171 വീടുമാണുള്ളത്. അര്‍ബൻ വിഭാഗത്തിൽ 1 ലക്ഷത്തി 50000 വും ഗ്രാമീൺ വിഭാഗത്തിൽ 72000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തിൽ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ ക്രഡിറ്റെടുക്കുന്നു എന്നാണ് കേന്ദ്ര വാദം.

Be the first to comment

Leave a Reply

Your email address will not be published.


*