വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി മേനക ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പീലിഭത്തില്‍ സിറ്റിങ് എംപിയായ വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബിജെപി നേതാവും അദ്ദേഹത്തിൻ്റെ അമ്മയുമായ മേനക ഗാന്ധി. വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ പത്ത് ദിവസത്തെ പ്രചരണത്തിനായി എത്തിയപ്പോഴായാരുന്നു മേനക ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വരുണ്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതുവരെ സമയമുണ്ടെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘ബിജെപിയില്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്ക് ടിക്കറ്റ് തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും നഡ്ഡാ ജിക്കും നന്ദി. വളരെ വൈകിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പീലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടിയൂടെ തീരുമാനത്തിനോട് ഏറെ നന്ദിയുണ്ട്’. മേനക ഗാന്ധി പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മേനക ഗാന്ധി സുല്‍ത്താന്‍ പൂരില്‍ എത്തിയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ലോക്‌സഭാ മണ്ഡലത്തിലെ 101 ഗ്രാമങ്ങളിലും അവര്‍ സന്ദര്‍ശിക്കും.  ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യയുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*