പെണ്‍കുട്ടികളെ കാണാതായ മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടാന്‍ ഉത്തരവ്

കോട്ടയം: പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമിനെതിരെ നടപടിക്ക് ശുപാര്‍ശ. മഹിള സമഖ്യ സൊസൈറ്റി അടച്ചുപൂട്ടണമെന്നും സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടികള്‍ മഹിള സമഖ്യ സൊസൈറ്റിയില്‍ സുരക്ഷിതരല്ലെന്നാണ് കണ്ടെത്തല്‍.

പോക്‌സോ കേസ് ഇരകള്‍ അടക്കമുള്ള ഒമ്പത് പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇവരെ പിന്നീട് എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്ന് കണ്ടെത്തിയിരുന്നു.  കാണാതായ കുട്ടികളിലൊരാളുടെ ബന്ധുവീട്ടിലാണ് ഇവർ ഉണ്ടായിരുന്നത്.  രാവിലെ 5.30-ഓടെയാണ് അധികൃതര്‍ പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും.

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോം ശിശുക്ഷേമ സമിതിയുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവിടെ നിന്നും 5 പേര്‍ പുറത്തുചാടിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*