മാണി സി കാപ്പന് എംഎൽഎ ആയി തുടരാം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

പാലാ എംഎൽഎ മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാർഥിയായിരുന്ന സി വി ജോൺ നൽകിയ ഹർജി തള്ളി. ജസ്‌റ്റിസ് സി ജയചന്ദ്രന്‍റെ ബഞ്ചാണ് ഹർജി തള്ളിയത്. അനുവദനീയമായത്തിൽ കൂടുതൽ പണം മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, ഈ ആരോപണം ഹർജിക്കാരന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നിയമപ്രകാരം ആവശ്യമായ രേഖകൾ മാണി സി കാപ്പൻ സമർപ്പിച്ചിട്ടില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായതിനാൽ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിവി ജോണിന്‍റെ ഹർജി. 2021-ൽ സമർപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെ മാണി സി കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഹർജി ഭേഗതി വരുത്താൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്‌തായിരുന്നു മാണി സി കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് നടപടികൾ തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി മാണി സി കാപ്പന്‍റെ ഹർജി തള്ളുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 11246 വോട്ടുകൾക്കാണ് ഇടത് മുന്നണിയിലെ ജോസ് കെ മാണിയെ മാണി സി കാപ്പൻ തോൽപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*