
കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച അപകടം നടന്ന ശേഷം ഇതുവരെ മരിച്ച യുവാക്കളുടെ വീട് ജോസ് കെ മാണി എംപി സന്ദര്‍ശിച്ചിരുന്നില്ല. ഇത് വിവാദമായതോടെയാണ് ഇന്നു എംപി യുവാക്കളുടെ വീട്ടിലെത്തിയത്. ജോസ് കെ മാണിയുടെ മകളുടെ വീട് മരിച്ച യുവാക്കളുടെ വീടിനു തൊട്ടടുത്താണ്. ഇവരുടെ വീട്ടില്‍ വന്നു മടങ്ങുമ്പോഴാണ് അപകടം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മരിച്ച യുവാക്കളുടെ വീട്ടിലേക്ക് ജോസ് കെ മാണി എത്താത്തത് എന്ന ചോദ്യം നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു.
മണിമല കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. സ്ഥലം എംഎല്‍എ എന്‍.ജയരാജാണ്. ചീഫ് വിപ്പും കൂടിയാണ് ജയരാജ്. തൊട്ടടുത്തുള്ള വാര്‍ഡ് കൌണ്‍സിലര്‍മാര്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും. പോലീസ് സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ജോസ് കെ മാണിയുടെ സ്വാധീനവലയത്തിലാണ്. അപകടത്തിനു ശേഷം ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഇതിന്റെ ഭാഗമായാണ് യുവാക്കളുടെ കുടുംബവും നാട്ടുകാരും വിലയിരുത്തുന്നത്.
കാറിന്റെ പിന്നില്‍ ബൈക്ക് ഇടിച്ച് വന്ന അപകടമരണം എന്ന് ചിത്രീകരിക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെയാണ് ഈ ശ്രമം പാളിപ്പോയത്.
Be the first to comment