കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. വിഷണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പൊലീസിന്റെ ഈ നടപടി.
രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാർഗമാണു രാഹുൽ പോകുന്നത്. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മണിപ്പുർ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു രാഹുൽ അറിയിച്ചു.
കലാപ ബാധിത മേഖല സന്ദര്‍ശിക്കുന്നതിന് ഒപ്പം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാനായിരുന്നു ദ്വിദിന സന്ദര്‍ശനത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
സംസ്ഥാനത്ത് 50000 ത്തിലധികം പേരാണ് 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 100 ലധികം ആളുകള്‍ ഈ സമയത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
Be the first to comment